Uncategorized

ശ്രീലക്ഷ്മീടെ അനിയത്തി

ഓണ പരീക്ഷക്ക് മോറൽ സയൻസ് പേപ്പർ മുക്കാൽ മണിക്കൂറിൽ എഴുതിത്തീർത്തിട്ട് മുന്നിലത്തെ ബഞ്ചിൽ കിടന്നുറങ്ങിയ മൂന്നാംക്ലാസ്സുകാരിക്ക് ഉഷ ടീച്ചർ ചോക്ക് കൊണ്ടെറിഞ്ഞു നടത്തിയ ഒരു പേരിടീൽ ഉണ്ട് -“ശ്രീലക്ഷ്മീടെ അനിയത്തീ”.

നീളൻ മുടി രണ്ടു വശോം മെടഞ്ഞു പിന്നിയിട്ട്, നീണ്ടു കൊലുന്നനെയുള്ള ഒരു പഠിപ്പിസ്റ് പെങ്കൊച്ചാണീ മുകളിൽ പറഞ്ഞ ശ്രീലക്ഷ്മി. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മഞ്ഞേ൦ നീലേം പട്ടുപാവാടേം ഉടുത്തു അച്ഛൻ്റെ കൂടെ അംബാസിഡർ കാറിൽ പോയി, ആശൂത്രീന്ന് ഒരു കുഞ്ഞനിയത്തിയെ കൂട്ടികൊണ്ടുവന്നപ്പോ ഈ പഠിപ്പിസ്റ് അറിഞ്ഞില്ല, ആ തുണിക്കുള്ളിൽ തനിക്കുള്ള എട്ടിൻ്റെ പണിയാണെന്ന് . ബെർത്ഡേയ്ക്കു കുട്ട്യോള് ക്ലാസ്സിൽ കൊടുക്കണ മിട്ടായീം, അമ്മമ്മേടെ സ്റ്റീൽ പാത്രത്തീന്നു വല്ലപോഴും പുറത്തിറങ്ങണ പലഹാരത്തിൻ്റെ വീതോം, പിന്നെ കുറേ സ്നേഹോം ഒക്കെ കൊടുത്തു ശ്രീലക്ഷ്മി ആ കുഞ്ഞനിയത്തിയെ വളർത്തി കൊണ്ട് വന്നു.

നല്ലോണം പഠിക്കേം ബാക്കിയുള്ള സമയം അതിലും നല്ലോണം പടം വരക്കേ൦ ഒക്കെ ചെയ്തു സ്കൂളിലെ അറിയപ്പെടുന്ന പഠിപ്പിസ്റ്റുകളിൽ ഒന്നായി നടക്കണ കാലത്താണ് അതേ സ്കൂളിലൊട്ടീ അനിയത്തീടെ രംഗപ്രവേശം. ഉത്തരം എഴുതി തീർത്തിട്ട് സമയം ബാക്കിയുള്ളോണ്ട്, അടുത്തിരുന്ന കുട്ടീടെ പേപ്പർ നോക്കി സ്വന്തം ഉത്തരം വെട്ടി തിരുത്തീം, വഴിയിൽ കരിങ്കല്ലടിക്കണ അമ്മൂമ്മമാരേം, ചേച്ചിയെ കമെന്റ് അടിക്കണ ഏട്ടന്മാരേം ഒക്കെ കമ്പനി അടിച്ചും ആ കുഞ്ഞനിയത്ത വളർന്നു പടർന്നു പന്തലിക്കണേൻ്റെ ഇടയിലാണ് ഉഷ ടീച്ചറിൻ്റെ വക പേരിടൽ കർമം നടന്നതേയ്. അവിടുന്നങ്ങോട്ട് അനിയത്തി എന്ത് കുരുത്തക്കേട് കാണിച്ചാലും ആ സീനിൻ്റെ ഏഴയലത്തെങ്ങും ഇല്ലാത്ത ശ്രീലക്ഷ്മിക്ക് അന്വേഷണം എത്തും. ചേച്ചിക്ക് കിട്ടണ സമ്മാനമൊക്കെ അടിച്ചുമാറ്റീ൦ ,ചേച്ചിടെ ഫ്രണ്ട്സിനെ സോപ്പിട്ടും, എത്ര വലിയ കയറ്റത്തിലും “നീ സൈക്കിളിന്നു ഇറങ്ങി തള്ളിക്കോ, ഞാൻ നിന്നെ ഇതിലിരുന്ന് മോട്ടിവേറ്റ്” ചെയ്യാമെന്ന് കഥയടിച്ചും, “ചേച്ച്യേ കണ്ടുപഠിക്ക് മോളെ” ഉപദേശം കേട്ടും , പുതിയ കുരുത്തക്കേടുകൾ കാണിച്ചും ഒക്കെ അനിയത്തി പന പോലെ വളർന്നേലും, മൂന്നാം ക്ലാസ്സു മുതൽ അനിയത്തീടെ കൂടെ കൂടിയ അഡ്രസ് മാത്രം വിട്ടു പോയില്ല.

മുടി മെടയണതു മുതൽ മെയിൽ അയക്കണത് വരെ പഠിപ്പിച്ചും, കാശ് കൂട്ടിവെച്ചു ടെഡി ബെയർ വാങ്ങി കൊടുത്തും, ശമ്പളം കൂട്ടി വെച്ചു സ്കൂട്ടർ വാങ്ങി കൊടുത്തും, സ്വന്തം കല്യാണത്തിൻ്റെ അന്ന് സ്വയം ഒരുങ്ങാണ്ട് അനിയത്തിയെ ഓടിച്ചിട്ട് ഒരുക്കിയും, ഒപ്പിക്കണ തല്ലുകൊള്ളിത്തരം കോമ്പ്രമൈസ്‌ ആക്കിയും ഇരുപത്തേഴു വർഷം കഴിഞ്ഞപ്പോ ശ്രീലക്ഷ്മി നീല കുട്ടിക്കുപ്പായത്തിൽ പൊതിഞ്ഞൊരു സുന്ദരൻ ചെക്കനെ അനിയത്തീടെ കയ്യിലോട്ട് കൊടുത്തു, അവൻ കൊടുക്കണ തല്ലും സ്നേഹോം തികയണില്ലെന്നു തോന്നിയപ്പോ ഒരു ഉണ്ണിയാർച്ച പെണ്ണിനേം. ഇന്നിപ്പോ പിള്ളേർടെന്നു അടിയും വാങ്ങിയിരുന്ന് , പണ്ട് തന്നെ സഹിക്കുമായിരുന്ന ചേച്ചിയെ നോക്കി അനിയത്തി ഇടയ്ക്കിടയ്ക്ക് “മാപ്പു നല്കൂ മഹാമധേ, മാപ്പു നല്കൂ ഗുണനിധേ”ന്ന് ജപിക്കും.

ജനിച്ചു മൂന്നാം ദിവസം മുതൽ ഈ തല്ലുകൊള്ളി പെണ്ണിനെ ഏറ്റെടുത്തിട്ട്, ഒരു അഡ്രസ്സും ഉണ്ടാക്കി തന്ന്, ഇന്നും ചെയ്യണ കുരുത്തക്കേടിനൊക്കെ ഉത്തരവാദിത്തം ഏറ്റെടുത്തു കൂടെ നിക്കണ പഠിപ്പിസ്റ് ശ്രീലക്ഷ്മി ആണെൻ്റെ ഹരിയേട്ടൻ. ചേച്ചിയെ അറിയണ നാലാള് കൂടുന്നിടത്തു ആ മൂന്നാം ക്ലാസ്സുകാരീടെ വിളിപ്പേരിന്നും മാറീട്ടില്ല. ഇനിയിപ്പോ മൂക്കില് പല്ലു മുളച്ചാലും, ഇതിലും നല്ല വിളിപ്പേര് വേറെന്താല്ലേ??

-ശ്രീലെക്ഷ്മിടെ അനിയത്തി

Author: ശ്രീധന്യ

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment