Uncategorized

മൈ ബോസ്

വളരെ സ്ട്രിക്റ്റും ഡിസ്‌സിപ്ലിൻഡും ആണ് എന്റെ ബോസ്. ഞാൻ അതിന്റെ നേരെ മറിച്ചും. ജോലികൾ ഏതു വിധേനെയും തീർത്തു വീട്ടിൽ പോവുക എന്നതാണ് എന്റെ ലക്‌ഷ്യം. പ്രൊഫഷണൽ ലൈഫ് അത്ര സീരിയസ് ആയിട്ടൊന്നും ഞാൻ കണ്ടിട്ടില്ല എന്നതാണ് സത്യം. ആർക്കോ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു! മാസാവസാനം കിട്ടുന്ന ശമ്പളത്തിൽ മാത്രമാണ് കണ്ണ്. എന്നാൽ, ശരിയായ രീതിയിൽ ശരിയായ സമയത്തു പണിയെടുക്കുക എന്നതാണ് ബോസ്സിന്റെ തത്വം. അതുകൊണ്ടു തന്നെ, ഞങ്ങൾ ഒത്തുപോവില്ല എന്ന കാര്യം എനിക്കുറപ്പായിരുന്നു.

ബോസ്സുമൊത്തുള്ള മീറ്റിങ്ങുകളിൽ നിന്ന്, ഡിസ്കഷനുകളിൽ നിന്ന് ഞാൻ പറ്റുന്നതത്ര ഒഴിഞ്ഞു നിൽക്കും. മറ്റാരെയെങ്കിലും പറഞ്ഞു വിട്ടു കാര്യം നടത്തും. ഇങ്ങനെ നേർവര പോലുള്ള ഒരാൾ ഭൂമിക്കു ഭാരമാണ് എന്നതായിരുന്നു എന്റെ അഭിപ്രായം. ആ അഭിപ്രായം മാറിയ കഥയാണ് പറയാൻ തുടങ്ങിയത്. അതിനു മുൻപ്, മറ്റൊരു കഥ പറയാം; ഇത്രയും ഇവിടിരിക്കട്ടെ.

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. LSS ‘ എന്ന പേരിൽ ഒരു സ്കോളർഷിപ് എക്സാം ഉണ്ടായിരുന്നു പണ്ട്, നാലാം ക്ലാസ്സിൽ(ഇപ്പോഴുണ്ടോ ആവോ? അറിയില്ല). ഇതിൽ യോഗ്യത നേടുന്നവർക്ക് അപ്പർ പ്രൈമറി ക്ലാസ്സുകളിൽ ഒരു നിശ്ചിത തുക സ്കോളർഷിപ് ആയി കിട്ടുമായിരുന്നു. അന്ന് അത് ഓരോ വർഷവും 75 രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ. അതിലെ മലയാളം പരീക്ഷയാണ് രംഗം.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഒന്നരമണിക്കൂർ ആയപ്പോഴേക്കും ഒരു ചോദ്യം ഒഴിച്ച് മറ്റെല്ലാം എന്റെ എഴുതി കഴിഞ്ഞു. എഴുതിയതെല്ലാം ശരിയെന്നും ഉറപ്പ്. ബാക്കിയുള്ള ഒരു ചോദ്യത്തിൽ ഒരു ചെറിയ കൺഫ്യൂഷൻ. സാഹിത്യകാരന്മാരും കൃതികളും ചേരുംപടി ചേർക്കലാണ് ചോദ്യം. അറിയാത്തതു വി . കെ . എൻ എഴുതിയ കൃതി ഏതാണെന്നാണ്. എതിരെ രണ്ടു കൃതികളുണ്ട്. ഞാൻ ചിന്തിച്ചിരിപ്പാണ്. എന്ത് ചെയ്യണം?

പരീക്ഷ തുടങ്ങിയപ്പോൾ മുതൽ ‘ഇൻവിജിലേറ്റർ’ ആയി വന്ന അദ്ധ്യാപകൻ ഇടയ്ക്കിടെ ഞാൻ എഴുതുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. എല്ലാ ഉത്തരങ്ങളും ശരിയായി എഴുതുന്ന ഒരു വിദ്യാർത്ഥി ആ അദ്ധ്യാപകനിൽ സന്തോഷമുണ്ടാക്കികാണണം. അങ്ങനെയുള്ള ഒരു വിദ്യാർത്ഥിക്ക് ഒരു മാർക്ക് നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് വിഷമകരവുമായിരിക്കണം. അദ്ദേഹം എന്റെ അടുത്ത് വന്നു ചോദ്യ പേപ്പറിൽ ‘അധികാരം’ എന്ന ഉത്തരത്തിൽ കൈ വച്ചു. ഉത്തരം എനിക്ക് മനസ്സിലായി. പക്ഷെ, പരീക്ഷ നടത്താൻ നിയോഗിക്കപ്പെട്ട ഒരധ്യാപകൻ പരീക്ഷ എഴുതുന്ന ഒരു വിദ്യാർത്ഥിയെ സഹായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹാപാപമായിരുന്നു. ഒട്ടുമേ നടക്കാൻ പാടില്ലാത്ത സത്യവിരുദ്ധമായ ഒരു കാര്യം. അതുകൊണ്ടു തന്നെ, ഞാൻ ആ ഉത്തരം എഴുതിയില്ല. അത് മനസ്സിലാക്കി, അദ്ദേഹം വീണ്ടും എന്റെ അടുത്ത് വന്ന്, ‘അധികാരം ആണ് ഉത്തരം’ എന്ന് കുറച്ചു ശബ്ദത്തിൽ തന്നെ പറഞ്ഞു തന്നു. എന്റെ സത്യസന്ധതയെ അലോസരപ്പെടുത്തിയ ആ പ്രവൃത്തിയിൽ വല്ലാത്ത അസഹിഷ്ണുതയോടെ, ആ ഉത്തരം എഴുതാതെ തന്നെ ഉത്തരക്കടലാസുകൾ മടക്കി കൊടുത്തു ഇറങ്ങിപ്പോന്നു. ‘kettle ‘ എന്ന വാക്കിന്റെ തെറ്റായ സ്പെല്ലിങ് തിരുത്താൻ വിസമ്മതിച്ച ഒരു കൊച്ചു കുട്ടിയുടെ കഥയായിരിക്കണം എന്നിൽ ആ സത്യസന്ധനെ സൃഷ്ടിച്ചത്. വീട്ടിലെത്തി ഈ അനുഭവം പറഞ്ഞപ്പോൾ കെട്ടവരെല്ലാം ചിരിച്ചു; എന്റെ പ്രായോഗിക ബുദ്ധിയില്ലായ്മയെ കളിയാക്കി.

‘ബോസ് വിളിക്കുന്നു’ എന്ന അറിയിപ്പിൽ ഗത്യന്തരമില്ലാതെ ഞാൻ ബോസ്സിനടുത്തെത്തി. ബോസിന് ലീവ് പോണം.
“അമ്മ ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണ്. ചേട്ടൻ വിളിച്ചിരുന്നു. ഇച്ചിരി സീരിയസ് ആണ്. ഐ മസ്റ്റ് ഗോ ദിസ് ടൈം.”
അയാളുടെ ലീവ് അപ്പ്രൂവ് ചെയ്യേണ്ടത് ഞാൻ ആണെന്ന് തോന്നും പറച്ചിൽ കേട്ടാൽ. ഒരു നൂറു കൂട്ടം പണികൾ തലയിൽ വച്ചു തരാനുള്ള മുഖവുരയാണത്. ഞാൻ മനസ്സിലോർത്തു. എന്തെങ്കിലും ചോദിച്ചില്ലെങ്കിൽ മോശമല്ലേ എന്ന് കരുതി ഞാൻ ചോദിച്ചു “അമ്മക്ക് എന്ത് പറ്റി സർ?”

” അമ്മക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പക്ഷെ, ഓർമ പുറകിലോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ‘അമ്മയുടെ ഓർമ ഇപ്പോൾ എന്റെ സ്കൂൾ കാലഘട്ടത്തിലാണ്. ഇപ്പൊ ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞു. രമേഷ് സ്കൂളിൽ നിന്ന് വന്നില്ലേ എന്ന് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കാണെന്ന്. “

എനിക്ക് എന്തോ എന്റെ അമ്മയുടെ മുഖമാണ് പെട്ടന്ന് ഓർമ വന്നത്.

” തനിക്കറിയോ , അത്ര അറ്റാച്ചഡ് ഒന്നുമല്ല ഞാൻ വീട്ടുകാരുമായി. പക്ഷെ, ഇത് കേട്ടപ്പോൾ എന്തോ ഒരു നീറ്റൽ. അല്ലെങ്കിൽ ഇവിടുത്തെ നൂറുകൂട്ടം പണികൾ തീർക്കാതെ പോകാൻ മനസ്സ് വരില്ല”

ഇയാളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എപ്പോഴേ അമ്മക്കടുത്തെത്തിയേനെ. ഞാൻ മനസ്സിലോർത്തു.

” നമുക്ക് ശമ്പളം തരുന്നവരോട് ഒരു കടമ നമുക്കില്ലേ? ഞാൻ ഈ ജോലിയിൽ ജോയിൻ ചെയ്തു ഒരു മാസത്തിനുള്ളിലായിരുന്നു എന്റെ ചേട്ടന്റെ വിവാഹം. അതിനു ഞാൻ പോയില്ല. ആരും ലീവ് തരില്ല എന്നൊന്നും പറഞ്ഞിട്ടല്ല. ഞാൻ ലീവ് ചോദിച്ചു പോലുമില്ല എന്നതാണ് സത്യം. കാരണം, എന്റെ ബോസ് ആണ്. ഹി വാസ് എ ഗ്രേറ്റ് മാൻ . അദ്ദേഹം ആദ്യ ദിവസം തന്നെ എന്നോട് പറഞ്ഞു- പേർസണൽ റിക്യുർമെന്റ്‌സ് ഒരുപാടു വരും നമുക്ക്. പക്ഷെ, നമുക്ക് ശമ്പളം തരുന്നവരോട് നമുക്കൊരു കടമയുണ്ട്. ഇത് രണ്ടും prioritise ചെയ്ത് ബാലൻസ് ചെയ്ത് കൊണ്ട് പോണം എന്ന്. “

ഞാൻ മിണ്ടാതെ തലയാട്ടികൊണ്ടിരുന്നു.

” അന്ന് ഞാൻ പ്രൊഫഷന് മുൻഗണന കൊടുത്തു. ചേട്ടന്റെ കല്യാണത്തിന് പോയില്ല. ഇപ്പോൾ ഞാൻ മുൻഗണന കൊടുക്കേണ്ടത്, എന്റെ വ്യക്തിപരമായ കാര്യത്തിനാണെന്നു തോന്നുന്നു. അത് ശരിയല്ലേ?” ബോസ് പറഞ്ഞു നിർത്തി , ഒരു ഉത്തരത്തിനായി എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി.

എന്റെ മുന്നിലിരിക്കുന്നത് ഉത്തരക്കടലാസുകൾ മടക്കി കൊടുത്തു് പരീക്ഷാ ഹാളിൽ നിന്നും ഇറങ്ങിപ്പോയ ആ കൊച്ചു കുട്ടിയാണെന്ന് എനിക്ക് തോന്നി. അധ്യാപകൻ പറഞ്ഞു തന്ന ഉത്തരം എഴുതാതിരുന്ന അതെ മനസ്ഥിതി തന്നെയാണ് ചേട്ടന്റെ കല്യാണത്തിൽ പങ്കെടുക്കാതിരുന്നതിനു പിന്നിലും.

പിന്നെ ഒന്നു കൂടി ഞാൻ അറിഞ്ഞു. നഷ്ടപെട്ടത് മുഴുവൻ എനിക്കാണ്; ആ സത്യസന്ധത, ആ നിഷ്കളങ്കത, ആ നന്മ.!!!

Author: HARISH KUMAR C

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment