Uncategorized

ആറുയിർ

എൻ്റെ ജീവിതത്തിൽ ഹരിയേട്ടനെ പോലെ ഒന്നല്ല ,മൂന്നുപേരെ ഞാൻ ഈയിടക്ക് കാണുകയുണ്ടായി .ജീവന് തുല്യം സ്നേഹിച്ചിരുന്ന പെൺകുട്ടി പിരിഞ്ഞുപോയപ്പോൾ ,എല്ലായിടത്തും ഒറ്റപ്പെട്ടുപോയപ്പോൾ ,ആ അവസ്ഥയിൽ നിന്നും എന്നെ ഉയർത്തിക്കൊണ്ടുവന്ന മൂന്നുപേർ .ഈ കഥയിൽ എൻ്റെ പേര് ആനന്ദ് എന്നും ,എൻ്റെ ഏട്ടന്റെ പേര് അരവിന്ദ് എന്നും എനിക്ക് മാറ്റേണ്ടി വന്നു .ക്ഷമിക്കുക .മാത്രമല്ല ഇത് മൂന്നാമതൊരാളുടെ കണ്ണിലൂടെയാണ് ഞാൻ എഴുതുന്നതും …

മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്ന ,ഓട് പാകിയ ആ പഴയവീടിന്റെ ഉമ്മറത്തേക്ക് ആനന്ദ് വന്നു നിന്നു.അവന്റെ മുഖത്തു എന്തോ ഒരു വിഷമം ഉണ്ട് .പുതുമണ്ണിന്റെ ഗന്ധം ആവോളം ഉള്ളിലേക്ക് എടുത്തു അവൻ ഒരു ദീർഘ നിശ്വാസം എടുത്തു .ഉമ്മറപ്പടിയിൽ ചൂടുപാറുന്ന ചായയും ,അച്ഛൻ ജീവനുതുല്യം വിശ്വസിക്കുന്ന ദേശാഭിമാനി പേപ്പറും ഇരിപ്പുണ്ടാരുന്നു .അവൻ അതിനടുത്തായി സ്ഥാനം ഉറപ്പിച്ചു .എന്നും അമ്മയെക്കൊണ്ട് പലവട്ടം ആറ്റിച്,മരണത്തിന്റെ തണുപ്പോളം എത്തുമ്പോൾ മാത്രം അത് മോന്തുന്ന അവൻ ,ഇന്ന് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും കൂടാതെ അതെടുത്തു കുടിക്കുന്നത് കണ്ടപ്പോൾ ,അത്ഭുതം കൊണ്ടാണെന്നു തോന്നുന്നു , അച്ഛന്റെ വളർത്തുപുത്രൻ ,വീട്ടിലെ കാര്യസ്ഥൻ കൂടെയായ ചക്കി അവനെ തലചെരിച്ചു ഒന്ന് നോക്കി .ആള് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കൂട്ടിൽ കയറാൻ ഉള്ള പോക്കാരുന്നേ.
ഓരോ കവിൾ കുടിക്കുമ്പോഴും അവന്റെ കണ്ണ് തെളിഞ്ഞു തെളിഞ്ഞു വന്നു .അത് ഉറക്കച്ചടവ്‌ പതിയെ പതിയെ പോവുന്നതാണോ ,അവന്റെ ഉള്ളിലെ തീ ആളിക്കത്തുന്നതാണോ എന്ന് വ്യക്തമല്ല .അവസാനത്തെ തുള്ളി ചായയും കുടിച്ചു കഴിഞ്
അവൻ കോപ്പ അലക്ഷ്യമായി തിണ്ണയിൽ വെച്ചു.ഇത് കേട്ട് അത്രയും നേരം അവനെ തന്നെ നോക്കി വാലാട്ടി നിന്ന നമ്മടെ ചക്കി ആശാൻ ,ഒന്ന് ഞെട്ടി പതിയെ കൂട്ടിലേക്ക്‌ വലിഞ്ഞു .എത്രയൊക്കെ ഗൗരവം കാണിച്ചുകൊണ്ടിരുന്നാലും ,ഇതൊക്കെ കണ്ടുകഴിഞ്ഞാ ആനന്ദിന് ചിരിക്കാതിരിക്കാൻ പറ്റുമോ?അവന്റെ മുഖത്തു അറിയാതെ തന്നെ ,അവൻ ഇത്രയും നേരം ഒളിപ്പിച്ചുവെച്ച ആ കള്ളച്ചിരി കടന്നുകൂടി.
ആനന്ദ് എന്തോ മനസ്സിൽ ഉറപ്പിച്ചു അവന്റെ ഫോൺ എടുത്തു.അവന്റെ കണ്ണ്, ഫോണിൽ മിന്നി മായുന്ന പേരുകളിലേക്കു പോയി.ഒട്ടും താമസിയാതെ തന്നെ അവൻ തേടിക്കൊണ്ടിരുന്ന ആ പേര്, “അരവിന്ദേട്ടൻ “, അവന്റെ ഫോണിൽ തെളിഞ്ഞു. രാവിലെ കിട്ടിയ അതേ പ്രസരിപ്പോടെ, അതേ കള്ള ചിരിയോടെ അവൻ ഫോൺ ചെയ്യുന്നു. അപ്പുറത്ത് ഫോൺ എടുത്തതും, ദാ കിടക്കുന്നു, എടുത്ത വായിൽ ആനന്ദിന്റെ ചോദ്യം, “ഡോ കോപ്പേ, താൻ എന്നോട് കലിപ്പാണ് എന്ന് കേട്ടല്ലോ “. തന്റെ ഏട്ടൻ ആയതുകൊണ്ട് എന്തായാലും അച്ഛനൊന്നും വിളിക്കില്ല എന്ന ഉറപ്പ് അവന്റെ ചിരിയിൽ ഉണ്ടാരുന്നു. മറുപുറത്തു അരവിന്ദ് കണ്ണുകൾ അടച്ച് ഇരിപ്പാണ്. നടന്നതെന്തൊക്കെയോ ഓര്മിച്ചെടുക്കാൻ ഉള്ള ശ്രമം. പക്ഷെ തന്റെ അനിയന്റെ തുടർന്നുകൊണ്ടിരുന്ന “ഡോ ” വിളിയിൽ അതെല്ലാം വിഫലമായി. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രത്യേക മണമുള്ള കാറ്റ് ഉള്ളിലേക്ക് എടുത്ത് അരവിന്ദും തിരിച് നല്ല അസ്സൽ മറുപടി കൊടുത്തു, “എന്താടാ നാറി”. സംഭവം കുറച്ച് തറയായി തോന്നിയാലും, രണ്ടുപേർക്കും അതങ്ങു ബോധിച്ചു. അല്ലേലും ഈ കൂടപ്പിറപ്പുകൾ തമ്മിലുള്ള വഴക്കെന്ന് വെച്ചാൽ ഒരു നീർക്കുമിളയുടെ ആയുസ്സേയുള്ളു, ഏതെങ്കിലും ഒരു വശത്തുനിന്നും ഒരു വിരൽ വെച്ചുകൊടുത്താൽ അതങ്ങ് പൊട്ടിപ്പോകും. രണ്ടുപേരും ഒരു ചിരിയുടെ ഉണർവിൽ ഫോൺ കട്ട് ചെയ്തു.
കാർമേഘത്താൽ മൂടിനിന്ന വാനം,പതിയെ പിൻവാങ്ങി .മൂന്നു രാവും ,മൂന്നുപകലും പെയ്ത മഴ വേറെ ആരെയോ ലക്ഷ്യമാക്കി പോയിരിക്കുന്നു.അപ്പോഴേക്കും ഉമ്മറത്ത് പത്രം വിതുർത്തുന്ന ശബ്ദം അവന്റെ ചെവികളിൽ എത്തി .അച്ഛൻ പതിവ് കലാപരിപാടി തുടങ്ങി .അവൻ മനസ്സിൽ പറഞ്ഞു .ആനന്ദ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി . അച്ഛന്റെ പതിവ് അച്ഛൻ ചെയ്യുമ്പോൾ ,തന്റെ പതിവ് താനും ചെയ്യണമല്ലോ .അവൻ എല്ലായ്പ്പോഴും പോലെ പോണ പോക്കിൽ ആ കർട്ടൻ അച്ഛന്റെ മുഖത്തേക്ക് വലിച്ചിട്ടു ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തു .
ആനന്ദ് കുളിക്കാനുള്ള തന്ത്രപ്പാടിലാണ്‌. പുറകിലത്തെ അയയിൽ കിടന്ന തോർത്തും എടുത്ത് കുളിമുറിയിലേക്ക് പോകുമ്പോൾ, അവന്റെ പ്രീയപ്പെട്ട ഫോൺ അവൻ എടുക്കാൻ മറന്നില്ല. കുളിമുറിയിൽ കയറി, അതിൽ പാട്ടും വെച്ച് അവൻ ഷവറിന്റെ അടിയിൽ നിന്നു. പൊതുവെ ഈ ആൺപിള്ളേർക്ക് ആലോചന വരുന്നത് ബസിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോഴും, പിന്നെ ബാത്‌റൂമിൽ നിൽക്കുമ്പോഴും ആണല്ലോ. ഷവറിൽ നിന്നും വരുന്ന തണുത്ത വെള്ളം അവനെ ഞെരിക്കുവാനായി, അവൻ നിന്നുകൊടുത്തു. അവൻ ഭിത്തിയിൽ കയ്യും വെച്ച്, മുഖം താഴ്ത്തി കുറേ നേരം ആ വേദന അനുഭവിച്ചു. ഇടക്കെപ്പോഴോ, അവന്റെ കയ്യിൽ ചൂടുള്ള രണ്ടുതുള്ളി ജലം വീഴുന്നത് അവൻ അറിഞ്ഞു. അവൻ ഷവർ നിർത്തി, മുഖം തുടച്ചു.
കുളികഴിഞ്ഞു വേഷം മാറവെ,അവൻ മേശപ്പുറത്തിരുന്ന ഒരു ബര്ത്ഡേ കാർഡിലേക്ക് അവൻ നോക്കിക്കൊണ്ടേയിരുന്നു. അതൊന്ന് എടുത്ത് വായിക്കണം, ഒരിക്കൽക്കൂടി, എന്ന് അവന്റെ മനസ്സുപറയുന്നുണ്ടായിരുന്നു. ഷിർട്ടിന്റെ കൈ മടക്കി കഴിഞ്ഞ് അവൻ ആ കാർഡ് കയ്യിൽ എടുത്തു. പല തവണ വായിച്ചിട്ടുണ്ടെങ്കിലും, ഓരോ തവണ അതെടുത്തു നോക്കുമ്പോഴും അവന് അതിൽനിന്ന് എന്തെങ്കിലും പുതിയതായി കിട്ടുമായിരുന്നു. കാർഡ് വിതുർത് നോക്കാൻ തുടങ്ങിയ ക്ഷണം, വാതിലിൽ ആരോ വന്ന് മുട്ടി. എന്നത്തേയും പോലെ മൂന്ന് തവണയുള്ള മുട്ട്, അത് അവന്റെ അമ്മയാണ് എന്നതിന് ഇതിൽക്കൂടുതൽ തെളിവ് ആവശ്യമേ ഇല്ലായിരുന്നു. “അനു, ഞങ്ങൾ ഇറങ്ങാ,ഹോസ്പിറ്റലിൽ പോയിട്ട് വരാൻ കുറച്ച് താമസിക്കും, ഉച്ചക്കത്തെക്കുള്ളത് അടുക്കളയിൽ ഉണ്ടുകേട്ടോ, പിന്നെ ഞങ്ങൾ വരാൻ ഉച്ചകഴിയുവാണേൽ ഇന്നലത്തെ മീൻകറി ഇട്ട് ചക്കിക്ക് ചോറ് കൊടുത്തേക്കണേ”. മറുപടി ഒന്നും വരാതെ, അമ്മ തിരിഞ്ഞു നടന്നു. അവന് എന്തോ പറ്റിയിട്ടുണ്ട് എന്ന സംശയം, അമ്മ ഊട്ടിയുറപ്പിച്ചു. പക്ഷെ അമ്മയെ ഞെട്ടിച്ചുകൊണ്ട് പിറകിലായി അവന്റെ റൂമിന്റെ വാതിൽ തുറന്നു. തിരിഞ്ഞു നോക്കുന്ന അമ്മയുടെ മുന്നിൽ,ഒരു ഒരുങ്ങി ഇറങ്ങിയ ആനന്ദ് വന്ന് നിൽക്കുന്നു. ഷിർട്ടിന്റെ കൈ മടക്കി, മുഖം ഉയർത്തി അമ്മയെ നോക്കി ചിരിക്കുമ്പോൾ, മഹേഷിന്റെ പ്രതികാരത്തിൽ ബേബിച്ചേട്ടൻ ഭാവന അച്ചായനെ നോക്കി “വട്ടൊന്നുമല്ല ” എന്നുപറയുന്നപോലെ, “എയ്, ഇവന് കുഴപ്പമൊന്നും ഇല്ല ” എന്ന് അമ്മ മനസ്സിൽ പറഞ്ഞു. അമ്മയുടെ ഉള്ളിൽ അങ്ങനെ ഒരു ആശ്വാസം ഉണ്ടാക്കി എടുക്കുക എന്നത് തന്നെയായിരുന്നു ആനന്ദിന്റെയും ലക്ഷ്യം.

അവൻ നേരെ വീടിന്റെ ഉമ്മറത്തേക്ക് പോയി. ഉമ്മറപ്പടിയിൽ അച്ഛൻ നിൽപ്പുണ്ടായിരുന്നു. ഇറങ്ങാൻ പോകുന്ന നേരത്തും ഫോണിൽ വട്സാപ്പും നോക്കി ഇരിക്കുന്ന അച്ഛനെ കണ്ടപ്പോൾ സത്യത്തിൽ അവന് ചിരിയാണ് വന്നത്. പണ്ട് ഫോണും ഇന്റർനെറ്റും മണ്ണിൽ കുഴിച്ചിട്ടു മൂടിയാലേ വീടിന് സ്വൈര്യം കിട്ടു എന്ന് പറഞ്ഞുനടന്ന മനുഷ്യനാ…
അവൻ അച്ഛന്റെ കയ്യിൽ നിന്നും കാറിന്റെ താക്കോൽ പിടിച്ചുവാങ്ങി. “ഇന്ന് ഞാനും വരാം, വീട്ടിൽ ഇരുന്നു മടുത്തു “.അവിടെ കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല. അവൻ കാർ പോർച്ചിലേക്ക് ഇറങ്ങി നടന്നു. ഒന്നും പറഞ്ഞില്ലെങ്കിലും, നടന്നുപോകുന്ന അവനെ നോക്കി അച്ഛൻ ഗൗരവം ഒട്ടും വിടാത്ത ഒരു ചിരി ചിരിച്ചു. ഇതൊക്കെ കണ്ടുകൊണ്ട് നിന്ന അമ്മക്ക്, അച്ഛന്റെ തോളിൽ കൈവെച് അതിൽ പങ്കുചേരണം എന്നുണ്ടായിരുന്നു. പക്ഷെ ആ ഒരു നിമിഷം,അതിൽ അവർ രണ്ടുപേരും മാത്രം മതി എന്ന് അമ്മ കരുതി.

കാർപോർച്ചിൽ അവനെയും കാത്ത്, അവന്റെ പ്രീയപ്പെട്ട ചങ്ങാതി കിടപ്പുണ്ടായിരുന്നു. രണ്ടായിരത്തിപന്ത്രണ്ടിലെ ഓണം തൊട്ട് തുടങ്ങിയ കൂട്ടാണ് രണ്ടുപേരും.അവന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടാരുന്ന കൂട്ടുകാരൻ. പക്ഷെ അവന്റെ മുൻവശത്തെ ബമ്പർ കണ്ടപാടെ ആനന്ദിന്റെ മുഖം വാടി.ദേഷ്യവും, സങ്കടവും എല്ലാം കൂടെ വരിഞ്ഞുമുറുക്കിയപ്പോൾ, ഒരു നിമിഷം എല്ലാം കൈവിട്ടുപോയപ്പോൾ പറ്റിപ്പോയതാണ്. അവൻ ബമ്പറിൽ ഉണ്ടായിരുന്ന ആ വിടവിൽ ഒന്ന് തലോടി. അവനും അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നൊരു തോന്നൽ.

കാറിൽ പോകവേ ആനന്ദ് പെട്ടെന്ന് പാട്ടിന്റെ ശബ്ദം കുറച്ചു. മേലേപ്പറമ്പിൽ ആൺവീടിലെ നരേന്ദ്രപ്രസാദിനെ അനുസ്മരിപ്പിക്കും വിധം അമ്മ പറഞ്ഞു “ഞാൻ ഒന്ന് രസം പിടിച്ച് വരുവാരുന്നു “. ആനന്ദ് അച്ഛനോട് മുഖം കൊടുക്കാതെ പറഞ്ഞു, “അച്ഛാ, ഇന്ന് അമ്മയുടെ കൂടെ ഞാൻ ആശുപത്രിയിൽ കേറിക്കോളാം”.
“അതെന്താടാ, അപ്പോൾ ഞാൻ എന്തുചെയ്യും? ” എന്ന് അച്ഛനും മുഖത്തുനോക്കാതെ ചോദിച്ചു.
“അച്ഛൻ വണ്ടിക്കകത് തന്നെ ഇരുന്നോ, ഞാൻ കാന്റീനിന്റെ അടുത്ത് പാർക്ക്‌ ചെയ്യാം. എത്ര നേരം എന്നുവെച്ചിട്ടാ അവിടെ ആ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നേ”. മുന്നോട്ടുള്ള നോട്ടം മതിയാക്കി അച്ഛൻ എന്തോ മുഖത്തുനോക്കി പറയാൻ വരികയായിരുന്നു. പക്ഷെ അമ്മയുടെ കൈ അച്ഛനെ തടഞ്ഞു. മറുത്തൊന്നും പറയണ്ട എന്ന ഭാവത്തിൽ അമ്മ അച്ഛനെ നോക്കി ഒരു ചിരി പാസാക്കി.

കാർ സുരക്ഷിതമായി ഇട്ടശേഷം, താക്കോൽ അച്ഛനെ ഏൽപിച്ചു അമ്മയും മകനും ഹോസ്പിറ്റലിലേക്ക് കയറി. ഒരു ആവേശത്തിന് OP കൗണ്ടറിലേക്കു മുന്നിൽ കേറി ചെന്നെങ്കിലും, അവിടെ എന്തുപറയണം എന്ന് അവന് ഒരു പിടിയും ഇല്ലായിരുന്നു. രക്ഷക്കായി അമ്മ പിറകെ എത്തി, അവനെ മാറ്റി നിർത്തിയിട്ട്, “ഇത് OP കാർഡ് ആണ്, ഇത് കാണിച്ചിട്ട് രാവിലെ വിളിച്ച് ബുക്ക്‌ ചെയ്തതാണ് എന്ന് പറഞ്ഞാൽ മതി ” എന്ന് അമ്മ പറഞ്ഞു. എന്തായാലും ആള് സ്റ്റാഫിന്റെ മുന്നിൽ നാണം കേട്ടില്ല, കാര്യങ്ങൾ നല്ലപോലെ തന്നെ ഡീൽ ചെയ്തു. അമ്മ സേവ്ഡ് ദി ഡേ.

രണ്ടാമത്തെ നിലയിൽ അവരെ വരവേറ്റത് ,നീണ്ട നിരയിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളും ,അതിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ആൾക്കാരുമായിരുന്നു.അതിൽ ഏകദേശം എഴുപതു ശതമാനം സ്ത്രീകളും .പെണ്ണുങ്ങൾക്ക് ഹൃദയം ഇല്ലെന്നു ആരാ പറഞ്ഞെ. അല്ലേൽ ഹൃദ്രോഗ വിദഗ്ധനെ കാണാൻ ഇത്രയും ആൾക്കാർ വരില്ലാലോ.മഴക്കാടുപോലെ തിങ്ങി നിറഞ്ഞ ആ കൂട്ടത്തിനിടയിൽ ,ഒരു കസേര അവൻ കണ്ടെത്തി .അവിടെ അമ്മയെ ഇരുത്തിയിട്ട് അവൻ ധാരാളം സ്ഥലം ഉള്ള ത്വക്ക് രോഗ വിദഗ്ധന്റെ ക്യാബിനു മുന്നിൽ പോയിരുന്നു .ഫോണിലെ ഒരു കട്ട മാത്രമുള്ള സിഗ്നൽ അവനെ താഴേക്ക് നോക്കി ഇരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു .കുറെ നേരം ‘അമ്മ അവിടെ തന്നെ ഇരിപ്പുണ്ടോ എന്ന് നോക്കി ഇരുന്ന അവന്റെ അരികിലേക്ക് ഇടക്കെപ്പോഴോ അച്ഛനും വന്നിരുന്നു .ആനന്ദിന് ചോദിക്കണം എന്നുണ്ടായിരുന്നു .പക്ഷെ അവനു അറിയാം .അച്ഛന് ഒരിക്കലും ,ഒരിടത്തും പത്തുമിനുട്ടിൽ കൂടുതൽ അടങ്ങിയിരിക്കുന്ന സ്വഭാവം ഇല്ലാന്ന് .അങ്ങനെ ഇരിക്കേ ,അവർക്കു രണ്ടുപേർക്കും മുന്നിലേക്ക് ഒരു കുസൃതിക്കുരുന്നു ഓടി വന്നു .നല്ല ഉരുണ്ടിരിക്കുന്ന ഒരു തക്കുടുവാവ.ആള് അമ്മയുടെ അടുത്ത് പോവും ,പുള്ളിക്കാരിയെ ഒന്ന് തൊടും,എന്നിട്ടു ഓടി ആ റൂമിന്റെ ഇങ്ങേ അറ്റത്തിരിക്കുന്ന അവരുടെ അടുത്തുവരും .വീണ്ടും ചിരിച്ചിട്ട് തിരിച്ചോടും .ഇതിങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു .പക്ഷെ ആള് ഇടക്കൊന്നു കാൽ തെറ്റി വീണു .ആനന്ദിൽ നിന്ന് കുറച്ചു അടുത്തായതുകൊണ്ടു അവൻ ഉടൻ തന്നെ ഓടിച്ചെന്നു .പക്ഷെ അവനെക്കാൾ മുന്നേ തന്നെ ആ കുട്ടിയുടെ ‘അമ്മ അവനെ വന്നെടുത്തു .അത് ആനന്ദ് പതിയെ വന്നതുകൊണ്ടോ ,അവനു വേഗം ഇല്ലാതെപോയതുകൊണ്ടോ ഒന്നുമല്ല ,അത് അങ്ങനെ ആണ് .അമ്മമാർ അങ്ങനെ ആണ്. അധികം വൈകാതെ തന്നെ ഡോക്ടർ വന്നു .അധികം വൈകാതെ എന്ന് പറഞ്ഞാൽ അത് വിരോധാഭാസം ആയിപ്പോകും .മച്ചാൻ ഒരുമണിക്കൂർ ആയി എല്ലാരേം പോസ്റ്റ് ആക്കി ഇരുത്തിയേക്കുവാരുന്നേ.അകത്തേക്ക് രണ്ടുപേർക്കേ പ്രവേശനം ഉള്ളു എന്നതുകൊണ്ട് ,അച്ഛനോട് കയറിക്കോളാൻ പറഞ്ഞു അവൻ പുറത്തുതന്നെ നിന്നു.സ്ഥിരം ഗുളികകളുടെ ലിസ്റ്റോടെ തന്നെ അച്ഛനും അമ്മയും പുറത്തേക്കു വന്നു .ഈ അമ്മയും മകനും സിനിമ പ്രേമികൾ കൂടെ ആയിക്കഴിഞ്ഞാ വേറെ ലെവൽ രസം തന്നെ ആണ് ട്ടാ .കയ്യിലുള്ള പേപ്പർ ആനന്ദ് നെ കാണിച് ‘അമ്മ ചോദിച്ചു “ഇതെന്താണ് അറിയുവോ?”
“കല്ലാസ്”
“കല്ലാസ് അല്ല , കള്ളാസ്,എനിക്ക് കിട്ടാനുള്ള മരുന്നിന്റെ ലിഷ്ഠയാണിത് “
അച്ഛൻ ആ നാടകത്തിനു ബെൽ അടിച്ചങ്ങു നിർത്തി .
“മതി മതി രണ്ടും കൂടെ പഞ്ചാബി ഹൗസ് കളിച്ചത്‌,വേഗം മരുന്ന് വാങ്ങി വീട്ടിൽ പോകാൻ നോക്കാം,ചക്കിക്ക്‌ ചോറുപോലും കൊടുത്തിട്ടില്ല “

അമ്മയെ ആദ്യം കസേരയിൽ ഇരുത്തി, അച്ഛനെ അമ്മയെക്കൊണ്ട് പിടിച്ചിരുത്തിച്, ആനന്ദ് മരുന്ന് വാങ്ങാനായി ക്യു നിന്നു. നല്ല നീണ്ട ക്യു ആയതുകൊണ്ട് നല്ല സമയം എടുത്തു ഒന്ന് മുന്നിലേക്ക്‌ എത്താൻ. ഈ സമയത്ത് നാട്ടിൽ എവിടെയോ വെച്ച് കണ്ട പരിചയം ഉള്ള ഒരു കൂട്ടർ അച്ഛന്റെയും അമ്മയുടെയും അടുത്ത് വന്ന് സംസാരിക്കുവാൻ തുടങ്ങി.

അവനും എവിടെയോ കണ്ടു നല്ല പരിചയം ഉണ്ട് .എന്തായാലും ഇരുകൂട്ടരും തമ്മിൽ ഭയങ്കര ചിരിയും കളിയും സംസാരവും .ആകെ ബഹളം .ഇടക്കെപ്പോഴോ ,ആരാ മരുന്നുവാങ്ങിക്കാൻ നിൽക്കുന്നേ എന്ന് അവർ ചോദിച്ചു .അത്രയും ബഹളത്തിനിടക്ക് അച്ഛന്റെ ആ മറുപടി തെളിനീർ പോലെ ആനന്ദ് കേട്ടു.”മോനാണ്” .
തിരിച്ചുപോകുന്ന വഴിയിൽ അച്ഛന്റെയും അമ്മയുടെയും മുഖത്തു കളഞ്ഞുപോയ എന്തോ തിരിച്ചുകിട്ടിയ ഫീലിംഗ് ആരുന്നു .ആകെക്കൂടെ ഒരു നല്ല അന്തരീക്ഷം .ആനന്ദും അവരോടൊപ്പം കൂടി .ശരിക്കും അവർ ഒന്നിച്ചു ഇങ്ങനെ ഒരു യാത്ര നടത്തിയിട്ടു കുറെ നാളായപോലെ.അത്രയധികം പറയാനുണ്ടായിരുന്നു .അത്രയും നേരം വേറെ ഒന്നും ശ്രദ്ധിക്കാതിരുന്ന ആനന്ദിന്റെ ചെവിയിലേക്ക് കാറിൽ കേട്ടുകൊണ്ടിരുന്ന ആ പാട്ടിന്റെ വരികൾ തുളച്ചുകയറി .
“പറയാതെയെന്തിനും കൂടെനിന്നവൾ മൊഴിമാറന്നുപോയോ ,ഇടനെഞ്ചിൽ ആയിരം കനവെറിഞ്ഞവൾ കഥമറന്നുപോയോ”.
തുളച്ചുകയറിയ ആ വരികൾ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന വെടിയുണ്ട പോലെ അവിടെ തന്നെ മരവിച്ചു കിടന്നു .സ്റ്റിയറിംഗ് വീലിൽ അവന്റെ കയ്യുകൾ അമരാൻ തുടങ്ങി .അവനിലേക്ക്‌ തലേദിവസദത്തെ ഒരു ഓര്മ വന്നെത്തി .ഇന്ന് അവൻ കാണുന്നതും,ഇന്നലെ അവൻ കണ്ടതും മിന്നൽ വേഗത്തിൽ അവന്റെ മുന്നിൽ മിന്നിമാഞ്ഞുകൊണ്ടേ ഇരുന്നു .രണ്ടു കാലങ്ങളിലും കാറിന്‌ അറിയാതെ തന്നെ വേഗം കൂടാൻ തുടങ്ങി .മുന്നിലുള്ള വാഹനത്തെ ഇരയെ വേട്ടയാടും വിധം അവൻ മറികടക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു.അച്ഛനും അമ്മയും പറയുന്നത് അവനു ഒരു മൂളൽ പോലെ മാത്രമേ കേൾക്കാൻ പറ്റിയിരുന്നുള്ളു .കാരണം അവൻ കൂടുതലും കഴിഞ്ഞ കാലത്തായിരുന്നു .അവിടെ അവൻ ഒറ്റക്കായിരുന്നു.മുന്നിൽ പോയ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ,പുറകിൽ അവനും പെട്ടെന്ന് ചവിട്ടി ,വെള്ളം കിടക്കുന്ന വഴിയിൽ അവന്റെ കൂട്ടുകാരന് തെന്നിപ്പോവാനേ പറ്റിയുള്ളൂ ,കാർ റോഡിൽ നിന്ന് മാറി ഒരു പോസ്റ്റിൽ ഇടിച്ചുനിന്നു.അവൻ പെട്ടെന്ന് ഞെട്ടിയുണർന്നു .അങ്ങനെ ഒന്ന് ഇന്ന് സംഭവിക്കരുത് എന്ന് അവൻ ഉറപ്പിച്ചു .കാർ വഴിയരികിൽ നിർത്തിയിട്ട് അച്ഛനോട് ബാക്കി ഓടിക്കുവാൻ പറഞ് അവൻ കുറച്ചുനേരം കണ്ണടച്ചുകിടന്നു .ആ മയക്കം അവനു ആവശ്യമായിരുന്നു .എല്ലാം ഒന്ന് ഉറക്കി കിടത്തുവാൻ .
വീട്ടിൽ എത്തി എന്നറിയിച്ചുകൊണ്ടു ആനന്ദിന്റെ തോളിൽ അച്ഛൻ തട്ടി ഉണർത്തി .ഉച്ചയൂണിനു ശേഷം ആനന്ദിന് വീട്ടിൽ ഇരിക്കുവാൻ തോന്നിയില്ല.വണ്ടിയെടുത്തു നേരെ സുഹൃത്തായ ജെറിന്റെ വീട്ടിലേക്കു വച്ചുപിടിച്ചു .അവിടെ ചെന്നപ്പോ എന്താ കഥ ,അവൻ ഉച്ചയൂണും കഴിഞ്ഞു നല്ല ഉറക്കം .ആനന്ദിനെ അവിടുത്തെ അച്ഛനും അമ്മയ്ക്കും ഒട്ടും അന്യമല്ലാരുന്നു .വീട്ടിലേക്കു കയറി ചെന്നപാടെ ,അച്ഛനോടും അമ്മയോടും ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച് ,അവന്റെ റൂമിൽ കിടന്ന ഒരു ജീൻസും ഷർട്ടും എടുത്ത് ജെറിന്റെ തലയിലേക്ക് ഒരൊറ്റ ഏറുകൊടുത്തു . ഫാൻ പൊട്ടി തലയിൽ വീണോ എന്നോർത്ത് മച്ചാൻ ചാടി എണിറ്റു മുന്നിൽ കണ്ടത് ആനന്ദിനെയും .കണ്ടപാടെ നല്ല വായിൽ എന്തോ പറയാൻ വന്നതാണ് ,ആനന്ദ് അതിനുമുന്നെ പുറകോട്ടു നോക്കാൻ ആംഗ്യം കൊടുത്തു .അച്ഛനേം അമ്മേം കണ്ടപ്പോൾ പറയാൻ വന്നത് വിഴുങ്ങിയിട്ട് “അമ്മെ ഇവന് ചായ കൊടുത്തില്ലേ ” എന്ന് പറഞ്‍ ഒപ്പിച്ചു .
“ചായ ഒന്നും വേണ്ട അമ്മെ ,ഞങ്ങൾ ദേവന്റെ അടുത്തുവരെ ഒന്ന് പോയിട്ട് വരാം” എന്നുപറഞ് ആനന്ദ് പിടിച്ച പിടിയാലേ അവനെ വണ്ടിയിൽ കേറ്റി.നേരെ ദേവന്റെ വീട്ടിലേക്ക് വെച്ചുവിട്ടു .ഇരുവരും ഒന്നും സംസാരിക്കുന്നേയില്ല .അതിന്റെ കാരണം എന്താണെന്ന് ആനന്ദിന് അറിയാവുന്നത്കൊണ്ട് ആ മഞ്ഞുരുക്കാൻ അവൻ തന്നെ മുൻകൈ എടുത്തു .
“എടാ”
“അളിയോ”
“തമ്പി അളിയോ “
ഒരു രക്ഷയും ഇല്ല .ജെറിൻ ചില്ലിലൂടെ പുറത്തേക്കു നോക്കി തന്നെ ഇരുന്നു .”പിന്നേ,അവിടെ ഉണ്ടംപൊരി പുഴുങ്ങിവെച്ചേക്കുവല്ലേ” ,എന്ന് മനസ്സിൽ ഓർത്തു ആനന്ദ് അവന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടേ ഇരുന്നു .
“അളിയാ ,നമ്മൾ ദേവനെ പറ്റി പാടിയ ഒരു പാട്ടുണ്ടാരുന്നല്ലോ ,ശേ ഞാൻ അതങ്ങട് മറന്നു,ഉണ്ണിക്കു എന്തെങ്കിലും രൂപോണ്ടോ?”
അതൊക്കെ അങ്ങനെ അങ്ങട് മറക്കാൻ പറ്റുവോ ,ജെറിന്റെ വായിലേക്ക് ആ പാട്ട് അങ്ങ് വന്ന് പൊട്ടിപ്പുറത്തുവരാൻ നിൽക്കുകയാണെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം . ആനന്ദ് ആ തുടക്കം അങ്ങ് ഇട്ടുകൊടുത്തു .
“കടവത്തൊരു ശംഭു ഇരിപ്പൂ…മഹ്ഹ്മ്മ്ഹ്ഹ്മ്മ് “
അവർക്കിടയിലെ മഞ്ഞുരുകാൻ അത് തന്നെ ധാരാളമായിരുന്നു .ഇത്രയും നേരം മൂങ്ങയെപ്പോലെ ഇരുന്നവൻ ഇപ്പോൾ ആനന്ദിന്റെ പുറത്തു ഇടിച്ചുകൊണ്ടാണ് ചിരിച്ചുകൊണ്ടിരിക്കുന്നത്.
ഇടക്കൊന്ന് ചിരി ശമിച്ചപ്പോൾ ആനന്ദ് ജെറിനോട് ചോദിച്ചു
“ഡാ ,ഞാൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ,ഞാൻ എന്തെങ്കിലും ചെയ്തുകളയുമോ എന്ന് നിനക്ക് തോന്നിയിരുന്നോ?”
“അളിയാ നിനക്കറിയാത്ത ഒരു കാര്യമുണ്ട് ,എത്രയൊക്കെ നീ മറച്ചുവെക്കാൻ ശ്രമിച്ചാലും ,എത്രയൊക്കെ നീ അലംബനായി മാറാൻ ശ്രമിച്ചാലും ,ശരിക്കും നിനക്ക് ആരെയും വിഷമിപ്പിക്കാൻ പറ്റില്ല ,അങ്ങനെയുള്ള നീ അഥവാ എന്തെങ്കിലും ബുദ്ധിമോശം കാണിക്കുന്നതിനെപ്പറ്റി ആലോചിച്ചാലും ,നീ രണ്ടാമതൊന്ന് ആലോചിക്കും ,നിന്റെ അച്ഛനെയും അമ്മയെയും പറ്റി,അതുകൊണ്ടു നിന്റെ കാര്യത്തിൽ എനിക്ക് പേടിയൊന്നും ഇല്ലാരുന്നു “
സീൻ മൊത്തത്തിൽ ശോകം ആയി പോകുന്നത് മനസ്സിലാക്കി ജെറിൻ തുടർന്നു,
“പക്ഷെ വേറൊരുത്തൻ ഉണ്ട് ,വൈകിട്ട് ജിമ്മിൽ പോകാൻ വേണ്ടി പോയവനാ ,ആ സമയത്താ ഇതൊക്കെ അറിയുന്നേ ,മച്ചാന് പിന്നെ ഉറുമ്പുകടിച്ചപോലെ ആരുന്നു ,എന്നിട്ട് എന്നെ വിളിച്ചു ,നീ ഹൈവേയിൽ വണ്ടിയിട്ടു കിടക്കുവാ ,അവൻ വണ്ടിയും കൊണ്ട് ഇപ്പോൾ വീട്ടിൽ വരാം,നമുക്ക് ഇപ്പോൾ തന്നെ പോകാം എന്നൊക്കെ.ഒരുവിധത്തിലാ അതിനെ ഒന്ന് അടക്കിയിരുത്തിയെ.ഇന്ന് ചെല്ലുമ്പോൾ നേരിട്ട് കേട്ടോ”
വീണ്ടും അവിടെ ചിരി പടർന്നു.ആനന്ദ് ഫോൺ എടുത്തു ദേവനെ വിളിച്ചു .
“അളിയാ ,ഞങ്ങൾ ധാ എത്തി ,ഒരു മൂന്നു വളവു കൂടെ”
ജെറിൻ അപ്പുറത്തിരുന്നു ഒന്ന് എന്ന് ആംഗ്യം കാണിക്കുന്നുണ്ടാരുന്നു .
“അല്ലളിയാ,ഒരു വളവും കൂടിയേ ഉള്ളു ,രണ്ട് മിനിറ്റ്,നീ റെഡി ആയി നിക്ക്”
കൂട്ടുകാർക്കു പോസ്റ്റ് കൊടുക്കുന്നതില്പരം രസം വേറെന്താ ഉള്ളത് .
കുറെ നേരത്തിനു ശേഷം ,പോസ്റ്റ് കൊടുത്ത ആത്മസംതൃപ്തിയോടെ ദേവന്റെ വീടിനു മുന്നിലേക്ക് അവർ എത്തിച്ചേർന്നു. റോഡിൽ നിന്ന് മടുത്തിട്ടാണെന്നു തോന്നുന്നു ,ആള് വീടിന്റെ ടെറസിൽ കേറി പേരയിലെ ഇലയും കായും ഒക്കെ എണ്ണിക്കൊണ്ടു നിക്കുവാരുന്നു .

തുടർന്നുള്ള യാത്ര പോയി അവസാനിച്ചത്, അവർ എപ്പോഴും ഒത്തുകൂടാറുള്ള അമ്പലത്തിനുമുന്നിലെ ആല്മരച്ചോട്ടിൽ ആരുന്നു.
ഒരുപാട് ആൾക്കാരുടെ സൊറപറച്ചിലിനും,സൗഹൃദത്തിനും,പ്രണയത്തിനും, വഴക്കിനും,വെല്ലുവിളികൾക്കും സാക്ഷിയായിട്ടുള്ള, മുതുമുത്തശ്ശനായ ആ ആൽമരം ഇന്നും എന്തിനോ വേണ്ടി കാതുകൂർപ്പിച് നിൽപ്പുണ്ടായിരുന്നു.

ദേവന്റെ വായിൽ നിന്നും എന്തെങ്കിലും ഒന്ന് കേൾക്കാനായി ആനന്ദ് കാത്തിരിക്കുവാരുന്നു. അവൻ കോളേജിൽ ആദ്യമായി കണ്ടുമുട്ടിയത് ദേവനെ ആയിരുന്നു.അന്നുതൊട്ട് തോളത്തു കയ്യിടാൻ തുടങ്ങിയതാ.ആനന്ദിന് ഇടക്കൊക്കെ തോന്നാറുണ്ട്, അങ്ങനെ കയ്യിട്ട് നടക്കുമ്പോൾ, അവൻ അറിയാതെ തന്നെ, അവന്റെ മനസ്സിലുള്ളത് ദേവൻ അറിയാറുണ്ടെന്ന്.
ദേവന്റെ വകയായി നല്ലൊരു വഴക്ക് പ്രതീക്ഷിച്ച ആനന്ദിനെ അവൻ ശരിക്കും ഞെട്ടിച്ചു.
“ഞാനും ഇതേ അവസ്ഥയിൽ പണ്ട് നിന്നിട്ടുള്ളതാ, നിന്നോടും എത്രയോ തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ വീടിന്റെ അടുത്ത് അനുരൂപ് എന്നൊരുത്തൻ ഉണ്ട്. അവൻ പുറത്ത് നല്ല ഹാപ്പി ആണ്. എല്ലാ കാര്യത്തിലും ഒരു സൊല്യൂഷൻ തരാൻ മിടുക്കനാ. എന്റെ വല്യ ചങ്കാ. അവനോട് എന്തേലും പറഞ്ഞാൽ, എല്ലാം കേട്ടിട്ട് അവസാനം മറുപടി പറയും. എന്നെ അവൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നുള്ള സങ്കടം ഞാൻ അവനോട് പറഞ്ഞപ്പോൾ, എന്നോട് ചോദിച്ചു, ഞാൻ അവളെ മനസ്സിലാക്കിയൊന്ന്, അതിനുള്ള മറുപടി നോ ആയിരുന്നു. അവളെ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ എന്റെ വിഷമം പോയി, അവൾ മാത്രം അല്ല എന്റെ പ്രോബ്ലം അച്ചായിടെ കടം, ലോൺ എടുത്തത്, ബ്ലേഡ് ഒക്കെ കാശ് അടക്കാൻ പെടാപ്പാട് പെടുന്നുണ്ട്, വീട്ടിലും പ്രശ്നവാ. ഇതൊക്കെ പറഞ്ഞപ്പോൾ അവൻ പറഞ്ഞു, കേറിക്കിടക്കാൻ ഒരു വീടില്ലേ എനിക്ക്, അവന് അതുപോലും ഇല്ലല്ലോ എന്ന്. അപ്പോളും എനിക്ക് ഒന്നും പറയാൻ ഇല്ലാരുന്നു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതാ അവന്റെ വീട്, പത്ത് കൊല്ലം ആകാറായി അങ്ങനെ കിടക്കുന്നു”

ഒട്ടും പ്രതീക്ഷിക്കാതെ ആനന്ദിന്റെ ഉള്ളിൽ കെട്ടുപിണഞ്ഞുകിടന്ന ഒരു വാചകം പുറത്തോട്ടു വന്നു, അതും ആ ഈശ്വരന്റെ നടയിൽ വെച്ച്.
“ദൈവം എന്നൊന്ന് ഇല്ല ദേവാ, എല്ലാം ചെകുത്താന്മാരാ, അതിൽ ഏറ്റവും കുറവ് ദ്രോഹം ചെയ്യുന്നവനെ ദൈവം എന്ന് വിളിച്ച് പ്രാർഥിക്കുന്നു “
അതിനുള്ള മറുപടി നൽകിയത് ജെറിനായിരുന്നു.
“നീ പറഞ്ഞത് കുറച്ചൊക്കെ ശരിയാ, ദൈവം എന്നൊന്നില്ല. ഒന്ന് എന്നതിൽ ഒതുങ്ങി നിക്കുന്നതല്ല അത്. ഇപ്പൊ നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്, നീ ഇപ്പോൾ ഈ കിടന്നു വിഷമിക്കുന്നത് നിനക്ക് അവളോടുള്ള സ്നേഹം കൊണ്ടല്ലേ, ആ സ്നേഹം കൊണ്ടല്ലേ അവളെ സന്തോഷിപ്പിക്കാൻ നീ എന്തൊക്കെയോ ചെയ്തുകൂട്ടിയെ. നല്ല കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്ന ആ സ്നേഹമാണ് ദൈവം, അതുപോലെ തന്നെ ദ്രോഹം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്താണോ, അതാണ്‌ ചെകുത്താൻ. ഇത് രണ്ടും എല്ലാരിലും ഉണ്ട്. ഇതിൽ ഏതിനെ വളർത്തണം, ഏതിനെ ഒതുക്കി നിർത്തണം എന്ന് അനുസരിച്ചാണ് നീ ദൈവം ആണോ ചെകുത്താൻ ആണോ എന്ന് തീരുമാനിക്കപ്പെടുന്നത് “.
ദേവൻ പണ്ടത്തെപ്പോലെ അവന്റെ തോളിൽ കൈ ഇട്ടു. ഏതോ ഒരു ശക്തി സ്രോതസ്സിലേക്കു ചെന്നെത്തിയപോലെ ആനന്ദിന് തോന്നി.
“എന്റെ ആ കൂട്ടുകാരന്റെ കാര്യം ഓർത്തിട്ടാണോ നീ ഇങ്ങനൊക്കെ പറഞ്ഞെ? അവർ ഇപ്പൊ ലോൺ എടുത്ത് വീട് പണിയാൻ പോകുവാടാ, അതുപോലെ നീയും ഇതിൽനിന്ന് പുറത്തുകടക്കണം. ശരിയാ, കുറച്ചുകാലത്തേക്ക് നല്ല വിഷമം ആയിരിക്കും, കുറെ കരയേണ്ടി വരും,അതിനു വേറൊരു കാരണം ഉണ്ട് അളിയാ, എപ്പോഴും നല്ല കാര്യങ്ങൾ മാത്രം നടന്നുകൊണ്ടേ ഇരുന്നാൽ,അതെല്ലാം നിനക്ക് തരുന്നത് ഒരേ അളവിലുള്ള സന്തോഷം ആയിരിക്കും. ചില കാര്യങ്ങളുണ്ട്, നമുക്ക് അളവറ്റു സന്തോഷം തരാൻ വേണ്ടി മാത്രം ഉണ്ടാവുന്നത്,ആ കാര്യങ്ങൾ തിരിച്ചറിയണമെങ്കിൽ ഇടക്കൊക്കെ അതേ അളവിൽ സങ്കടങ്ങളും ഉണ്ടാവണം”

ആനന്ദിന് ഒന്നും മറുപടി പറയാൻ ഉണ്ടാരുന്നില്ല, ജെറിനെയും, ദേവനെയും ചേർത്തുപിടിക്കുക എന്നുള്ളതല്ലാതെ.തിരിച്ചു പോകുമ്പോൾ ഡ്രൈവിംഗ് പൂർണമായും ജെറിന് വിട്ടുകൊടുത്ത് ആനന്ദ് സീറ്റിൽ ചാരി കിടന്നു.സ്നേഹിച്ച പെൺകുട്ടി പോയതൊന്നും അല്ലായിരുന്നു അവന്റെ പ്രശ്നം എന്ന് അവന് അറിയാം. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ വീട്ടിൽ ഒറ്റക്കായിപ്പോയ അവന് ഏത് നേരത്തും കൂടെയുണ്ടായിരുന്ന ഒരു കൂട്ട് അവളായിരുന്നു. ആ കൂട്ട് നഷ്ടപ്പെട്ടതായിരുന്നു അവന് ഉണ്ടായ താളം തെറ്റൽ.ആ കൂട്ട് അവൻ ഇപ്പോഴും ആഗ്രഹിക്കുന്നു. അതായിരുന്നു അവന്റെ പ്രശ്നം.ദേവൻ പറഞ്ഞപോലെ അവളുടെ ഭാഗത്തുനിന്നും ആലോചിക്കുമ്പോൾ,അവളെ മനസ്സിലാക്കുമ്പോൾ, അവൾ ചെയ്തതും ശരിയാവും.ആവും എന്നല്ല ആണ്.ജെറിനെയും വീട്ടിൽ ഇറക്കിവിട്ട് ആനന്ദ് യാത്ര തുടർന്നു. വീട്ടിൽ ചെന്നുകേറിയപാടെ അവനുവേണ്ടി ഒരു സർപ്രൈസ് കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ ഏട്ടൻ. ആരോടും പറയാതെ, നാലഞ്ചു മണിക്കൂർ കാറും ഓടിച്ചു വന്നതിന്റെ ഒരു ക്ഷീണവും പുള്ളിയുടെ മുഖത്തില്ലായിരുന്നു. അരവിന്ദേട്ടൻ അവനെ ചേർത്തുപിടിച് അകത്തേക്ക് കൊണ്ടുപോയി.

Author: Aravind Bose

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment